The Official Website of Elamkulam Sree MahaDeva Temple
ക്ഷേത്രത്തിൽ ദേവചൈതന്യത്തിന്റെ ഭാവത്തിനനുസരിച്ചാണ് വഴിപാടുകൾ നിശ്ചയിച്ചിരിക്കുന്നത്. അവ ദേവന് ഏറ്റവും പ്രിയപ്പെട്ടതുമായിരിക്കും. ഇളംകുളം മഹാദേവൻ മഹാ മൃത്യുഞ്ജയ മൂർത്തിയും മഹാവൈദ്യനുമാണ്.
ഇവ രണ്ടും അഭിഷേക പ്രിയനായ മഹാദേവന് ഏറ്റവും പ്രിയപെട്ടവയാണ്.
ഫലസിദ്ധി : അസുഖനിവാരണം, കാര്യസിദ്ധി, കുടുംബ ഐക്യം, കലഹനിവാരണം എന്നിവ പൊതുവെ.
എന്ത് ഉദ്ദേശിച്ചാണോ 108 കുടം അഭിഷേകവും ജലധാരയും ചെയുന്നത്, ആ ഉദേശിച്ചത് തന്നെയാണ് അതിന്റെ ഫലസിദ്ധി.
മഹാദേവന് ഏറ്റവും പ്രിയപ്പെട്ട മന്ത്രങ്ങളാണ് ശ്രീരുദ്രം, ചമകം. ശ്രീരുദ്രം ചൊല്ലിയാൽ ചമകം ചൊല്ലണമെന്നത് നിർബന്ധമാണ്.
സതീദേവിയുടെ ആത്മാഹുതിയിൽ കോപിഷ്ഠനായ ശ്രീ പരമേശ്വരൻ ദക്ഷന്റെ തലയറുത്ത് യാഗവിഘ്‌നം നടത്തിയപ്പോൾ ശിവകോപത്താൽ ലോകനാശം സംഭവിക്കാതിരിക്കാനും യാഗപൂർത്തീകരണത്തിനും വേണ്ടി ദേവന്മാർ മഹാദേവനെ സ്തുതിക്കുന്നതാണ് ശ്രീരുദ്രം. ശ്രീരുദ്രത്താലും കോപം അടങ്ങാതെ വന്നപ്പോൾ ആടിന്റെ തല ചേർത്ത് വച്ച് ജീവൻ തിരികെ കിട്ടിയ ദക്ഷൻ ഭഗവാനെ സ്തുതിക്കുന്നതാണ് ചമകം. ശ്രീരുദ്രവും ചമകവും ചൊല്ലി ഭഗവാനെ സ്തുതിച്ചപ്പോൾ കോപം ശമിച്ച് ലോകനന്മക്കായി ഭഗവാൻ അനുഗ്രഹിക്കുന്നു.
ഈ മന്ത്രങ്ങൾ ഉപയോഗിച്ച് ഭഗവാനെ അഭിഷേകം ചെയ്യുന്നതാണ് ശ്രീരുദ്രധാര അഥവാ രുദ്രാഭിഷേകം.
ഫലസിദ്ധി : പൂർവ്വജന്മകർമ്മദോഷം, പൂർവീകമായ പാപങ്ങൾ ഇവയുടെ നാശനം.
ഇവിടെ മഹാദേവൻ മഹാമൃത്യുഞ്ജയ മൂർത്തീ ഭാവത്തിലായതിനാൽ രോഗനിവാരണത്തിനായി ക്ഷീരധാര വിശേഷമാണ്.
ഒൻപത് കുടങ്ങളിൽ ജലം നിറച്ച് നമസ്കാര മണ്ഡപത്തിൽ വച്ച് പത്മമിട്ട് പൂജിച്ച് മാസത്തിൽ തിരുവാതിര നക്ഷത്രത്തിന് (ഭഗവാന്റെ തിരുനാൾ) മഹാദേവന് അഭിഷേകം ചെയ്യുന്നതാണ് നവകാഭിഷേകം. എല്ലാ മാസവും തിരുവാതിരയ്ക്ക് നവകാഭിഷേകം ഉണ്ടായിരിക്കും.
ഫലസിദ്ധി : ഭഗവാന്റെ ചൈതന്യവർദ്ധനവിനും ഭക്തരുടെ സർവ്വാഭീഷ്ട സിദ്ധിയ്ക്കും ഉത്തമം.
ഭഗവാന് അത്യധികം പ്രിയപ്പെട്ടതാണ് ഇളനീരാട്ടം അഥവാ കരിക്ക് അഭിഷേകം.
ഫലസിദ്ധി : പരിശുദ്ധമായ കരിക്കിൻവെള്ളം കൊണ്ട് അഭിഷേകം ചെയ്താൽ ഏത് ഉദ്ദേശവും (സദുദ്ദേശം) സഫലമാകും.
ചുടലഭസ്മം അലങ്കാരമാക്കിയ ഭഗവാന് ഏറ്റവും പ്രധാനപെട്ടതാണ് പ്രദോഷദിവസങ്ങളിൽ മാത്രമുള്ള ഭസ്മാഭിഷേകം.
ഇളംകുളം മഹാദേവന് ഏറ്റവും പ്രിയപ്പെട്ട പൂജാദ്രവ്യങ്ങളിലൊന്ന് നെയ് ആണെന്ന് ദേവപ്രശ്നത്തിൽ കണ്ടതാണ്. നെയ് ഒഴിച്ച് ശ്രീകോവിലിൽ ദീപം തെളിയിച്ചാൽ മഹാദേവ വിഗ്രഹത്തിൽ പ്രകാശം പതിക്കുന്നതുപോലെ നമ്മുടെ ജീവിതത്തിലും പ്രകാശം പരക്കുന്നതാണ്.
ശ്രീകോവിലിനുള്ളിൽ വിഗ്രഹത്തിനുപിന്നിൽ നെയ്യിൽ തെളിയിക്കുന്ന വിളക്കാണ് പിൻവിളക്ക്.
ഫലസിദ്ധി : പിൻവിളക്ക് തെളിയിച്ചാൽ പാർവതീപ്രീതിയാണ് സങ്കല്പം.
ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിലൊന്ന്. നാലമ്പലത്തിനുള്ളിൽ നിറയെ മാലകൾ തൂക്കി, വിളക്ക് കൊളുത്തി (ദീപാരാധനയ്ക്ക് ) നമസ്കാരമണ്ഡപത്തിലും നിലവിളക്കുകൾ കൊളുത്തി, മാലകൾ തൂക്കി, ശർക്കര പായസവും ഉണ്ണിയപ്പവും നിവേദിച്ച് ഭക്തർക്ക് വിതരണം ചെയുന്നു. ഉപദേവതാ മൂർത്തിയായാലും ഈ വഴിപാട് പ്രധാനമാണ്.
ഫലസിദ്ധി : മഹാദേവ പ്രീതിയും സർവ്വൈശ്വര്യവുമാണ് ഈ വഴിപാടിന്റെ ഫലം.