The Official Website of Elamkulam Sree MahaDeva Temple

ക്ഷേത്രം

തിരുവനന്തപുരം ജില്ലയിൽ നഗരത്തിന്റെ ഒരു ഭാഗത്ത്‌ "ശ്രീകാര്യം" എന്ന പ്രദേശത്തിന്റെ ഹൃദയ ഭാഗത്ത്‌ ദേശിയ പാതയോടു ചേർന്ന് പ്രകൃതി അതിന്റെ സകല സൗന്ദര്യവും ദേവചൈതന്യത്തോടു ചേർത്ത് വച്ചിരിക്കുന്ന മനോഹരമായ സ്ഥലത്താണ് ശ്രീമഹാദേവൻ വിരാജിക്കുന്നത്. ഒരു കാലത്ത് വലിയ പാറക്കൂട്ടങ്ങൾ നിറഞ്ഞ വളരെ വിശാലമായ ജലാശയമായിരുന്നു (കുളം) ഇവിടം. ഈ ജലാശയത്തിന് നടുവിലാണ് സ്വയം ഭൂലിംഗ രൂപത്തിൽ ദേവ ചൈതന്യം പ്രത്യക്ഷീഭവിച്ചത്. കാലക്രമേണ ഈ ഭാഗം ക്ഷേത്രമായി മാറുകയും ചെയ്തു. വിശാലമായ കുളത്തിന് നടുക്ക് മഹാദേവൻ ഇളകൊള്ളുന്നതുകൊണ്ട് (വസിക്കുന്നതുകൊണ്ട്) 'ഇളം കുളം' മഹാദേവനായി.

aboutimage1

നഗരകേന്ദ്രത്തിൽ നിന്ന് ഏകദേശം 8 കിലോമീറ്റർ പടിഞ്ഞാറുമാറി "ശ്രീകാര്യം" എന്ന നഗര ഭാഗത്ത്‌ ദേശീയ പാതയിൽ വലിയ ക്ഷേത്രഗോപുരത്തിനകത്ത്‌ 50 മീറ്റർ ഉള്ളിൽ അവിടവിടെ പാറക്കെട്ടുകളോടുകൂടിയ അതിവിശാലവും മനോഹരവുമായ കുളത്തിന് ഓരം ചേർന്ന് ഇളംകുളം ശ്രീമഹാദേവ ക്ഷേത്രം സ്ഥിതി ചെയുന്നു.

AD പത്താം ശതകത്തിൽ അവസാനിച്ച 'ആയി' രാജവംശത്തിന്റെ ഭരണ കാലത്താണ് ഈ ക്ഷേത്ര ശ്രീകോവിൽ നിർമിച്ചിട്ടുള്ളത് എന്ന് ക്ഷേത്ര നിർമ്മാണ രീതി വെളിവാക്കുന്നു. വളരെ വിശേഷപ്പെട്ടതും അപൂർവവുമായ ഗജപൃഷ്ഠാകൃതിയിൽ ഉള്ള ശ്രീകോവിൽ ഇതിന് ദൃഷ്ടാന്തമാണ്. 'ആയി' രാജവംശത്തിന്റെ തിരുവല്ല മുതൽ നാഗർകോവിൽ വരെ വ്യാപിച്ചു കിടന്ന രാജ്യത്തിന്റെ നാഞ്ചിനാട് എന്ന പ്രദേശത്താണ് ഈ ക്ഷേത്രം ഉത്ഭവിച്ചത്. ഈ കാലഘട്ടവുമായി യോജിക്കുന്ന രീതിയിൽ ഉള്ള ക്ഷേത്ര നിർമ്മാണ മാതൃക ക്ഷേത്രത്തിന് ആയിരത്താണ്ടുകൾ പഴക്കമുണ്ടെന്ന് വെളിവാക്കുന്നു.

ഇന്ന് അതി വിശാലവും മനോഹരവുമായ കുളത്തിനു നടുവിൽ ഭഗവാന് അഭിമുഖമായി, പടിഞ്ഞാറ് ദർശനമായി തൊഴുകൈകളോടെ രുദ്രാവതാരമായ ഹനുമാൻ സ്വാമിയും, ഭഗവാന്റെ വലതു ഭാഗത്തായി 'ഒക്കത്ത് ഗണപതിയും', നാലമ്പലത്തിനു പുറത്ത് പത്നീ സമേതനായി ശാസ്താവും, ഭദ്ര-ദുർഗ്ഗ-അന്നപൂർണേശ്വരി ഭാവങ്ങളിൽ ദേവിമാരും, തെക്കു കിഴക്കായി ദേവിപ്രകൃതി സ്വരൂപമായി യക്ഷിയമ്മയും കുടികൊള്ളുന്നു. ക്ഷേത്രത്തിന്റെ ഉല്പത്തി കാലഘട്ടങ്ങളിൽ നാഗർകാവ് ആയിരുന്നു ഈ പ്രദേശം എന്ന് പറയപ്പെടുന്നു. അതിന്‌ ഉപോത്ബലകമായി വളർന്നുകൊണ്ടിരിക്കുന്ന നാഗർകാവ് ക്ഷേത്രത്തിന്റെ വടക്ക് ഭാഗത്തും കാണപ്പെടുന്നു.

aboutimage2