The Official Website of Elamkulam Sree MahaDeva Temple

ഐതിഹ്യം

ഒരു കാലത്ത് നാഗർകാവ് മാത്രമായിരുന്ന ഈ സ്ഥലത്ത് ഋഷി തുല്യനും സിദ്ധനുമായ ഇടയാവണത്തു മഠത്തിലെ ബ്രാഹ്മണ ശ്രേഷ്ഠൻ പൂജ നടത്തിയിരുന്നു എന്നും കാവിലെ തീർത്ഥം സേവിച്ചാൽ മഹാരോഗങ്ങൾ വരെ മാറിയിരുന്നു എന്നും വിശ്വാസം. മഹാ മൃത്ത്യുഞ്ജയ മൂർത്തിയായി വിരാജിക്കുന്ന ഇളംകുളം മഹാദേവന്റെ സവിധത്തിൽ ഇത് ഇപ്പോഴും ഒട്ടും അതിശയോക്തികരമല്ല. മഹാദേവ ഭക്തനായ പ്രസ്തുത ബ്രാഹ്മണ ശ്രേഷ്ഠൻ വളരെ അകലെ തെക്ക് ഭാഗത്തുള്ള ഒരു ശിവ ക്ഷേത്രത്തിൽ സന്ധ്യാവന്ദനത്തിനു പോവുക പതിവായിരുന്നു. ഒരു ദിവസം കാലിനുണ്ടായ അസുഖം മൂലം പതിവ് ദീപാരാധനയ്ക്ക് എത്തുവാൻ കഴിഞ്ഞില്ല.

അത്യധികം ഹൃദയ വേദനയോടെ, പ്രാർത്ഥനയോടെ കഴിഞ്ഞ ബ്രാഹ്മണ ശ്രേഷ്ഠന് താൻ നിത്യവും പൂജിക്കുന്ന കാവിനു സമീപം മഹാദേവനെ ദർശിക്കാൻ സാധിക്കുമെന്ന് സ്വപ്ന ദർശനമുണ്ടായി. തൊട്ടടുത്ത ദിവസം പുലർച്ചെ വിശാലമായ കുളത്തിലെ പാറയിൽ സ്വയംഭുവായ ശിവലിംഗം അദ്ദേഹം കാണുകയും ആ ശിവലിംഗത്തെ പൂജിച്ചാരാധിക്കുകയും ചെയ്തുവെന്നും ആ സ്ഥാനമാണ് ഇളംകുളം ശ്രീമഹാദേവ ക്ഷേത്രമെന്നുമാണ് ഐതിഹ്യം.

ജലാശയത്തോട് ചേർന്ന് തറ നിരപ്പിൽ നിന്ന് താഴ്ന്ന് സ്വയംഭൂലിംഗം ഇവിടെ കാണാൻ കഴിയും. നിത്യേന മൂന്ന് ശീവേലിയാണ് ഇവിടെയുള്ളത്. സാധാരണ ഉള്ളതിൽ നിന്ന് വളരെവ്യത്യസ്തമായ ആരാധന ക്രമങ്ങളും ചിട്ടവട്ടങ്ങളുമാണ് ഇവിടെയുള്ളത്.