The Official Website of Elamkulam Sree MahaDeva Temple

ക്ഷേത്ര പുനരുദ്ധാരണം

ഏതാണ്ട് 1000 - 1300 വർഷത്തിനിടയിൽ കാലപ്പഴക്കം ഗണിക്കപ്പെടുന്ന ഈ ക്ഷേത്രത്തിന്റെ മൂന്നാമത്തെ പുനരുദ്ധാരണമാണ് ഇപ്പോൾ നടക്കുന്നത് എന്ന് പറയപ്പെടുന്നു. ഗതകാല പ്രൗഢിക്ക് ഒട്ടും കോട്ടം തട്ടാത്ത വിധത്തിൽ അടിസ്ഥാനം മുതൽ കൃഷ്ണ ശിലയിൽ പഞ്ച വർഗ്ഗവും ഭിത്തിയും ഏറ്റവും നല്ല തേക്ക് തടി കൊണ്ട് തീർത്ത മേൽക്കൂരയിൽ "ചെമ്പോല" മേഞ്ഞാണ്‌ നാലമ്പലത്തിന്റെ നിർമ്മാണ പൂർത്തീകരണം നടന്നു കൊണ്ടിരിക്കുന്നത്. ഗുണത്തിലും ഗണത്തിലും ഏറ്റവും ശ്രേഷ്ഠമായ ദ്രവ്യങ്ങൾ തന്നെയാണ് ക്ഷേത്ര നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഇപ്പോൾ ചെമ്പോല മേയുന്ന പ്രവൃത്തികൾ നടന്നുകൊണ്ടിരിക്കുന്നു. പഴയ ക്ഷേത്രത്തിന്റെ കണക്കുകളിൽ നിന്ന് അണുവിട മാറാതെയാണ് നിർമ്മാണം പുരോഗമിക്കുന്നത്. ഭഗവാന്റെ അപരിമേയമായ ശക്തിവിശേഷം ഒന്നുകൊണ്ടു മാത്രമാണ് ചുരുങ്ങിയ കാലയളവിനുള്ളിൽ ഇത്രയും ബൃഹത്തായ ഒരു പദ്ധതി പൂർത്തീകരണത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

ഏതാനം മാസങ്ങൾക്കു മുൻപ് നടന്ന അഷ്ടമംഗല ദേവപ്രശ്നത്തിൽ, നടന്നുകൊണ്ടിരിക്കുന്ന പുനരുദ്ധാരണ പ്രവൃത്തികളിൽ ദേവൻ വളരെ സന്തുഷ്ടനാണെന്നും, ജീർണ്ണാവസ്ഥയിലുള്ള ഉപദേവതാലയങ്ങൾ കൂടി പ്രധാന ക്ഷേത്രത്തിന്റെ പ്രൗഢിക്കൊത്ത്‌ പുനർനിർമ്മിക്കണമെന്നും കാണുകയുണ്ടായി. അതനുസരിച്ച്‌ മൊത്തത്തിൽ നവീകരിച്ച പ്രൗഢമായ ഒരു ക്ഷേത്ര സമുച്ചയത്തിനാണ് ഭരണ സമിതി ഇപ്പോൾ പദ്ധതി ഇട്ടിരിക്കുന്നതും, അത്തരം പ്രവൃത്തികളുമായി മുന്നോട്ടു പോകുന്നതും. ഏതാണ്ട് 4 കോടി രൂപയുടെ പദ്ധതിച്ചിലവാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോൾത്തന്നെ രണ്ടര കോടി രൂപയോളം വിനിയോഗിച്ചിരിക്കുന്നു. ഭക്തജനങ്ങളുടെ സമ്പൂർണമായ സമർപ്പണം കൊണ്ടാണ് ഇവയൊക്കെ നടക്കുന്നത്. ഒരു ശിവക്ഷേത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളിയാകുക എന്നത് ഒരു പുരുഷായുസിൽ വളരെ അപൂർവമായി ലഭിക്കുന്ന ഭാഗ്യവും തലമുറകളുടെ പുണ്യവുമാണ്.

ചുറ്റമ്പലം ദേവന്റെ ശരീരമെന്നാണ് സങ്കല്പം. ആ ശരീരത്തിൽ ആടയാഭരണങ്ങൾ ചാർത്തി കമനീയമാക്കുക എന്നതാണ് ചെമ്പോല വിതാനിക്കൽ കൊണ്ട് ഉദ്ദേശിക്കുന്നത്. "എന്റെ മഹാദേവന് എന്റെ ചെമ്പോല" എന്ന സമർപ്പണ സങ്കല്പം വഴി ഒരു ഭക്തൻ മഹാദേവ പാദങ്ങളിൽ പൂർണമായും സമർപ്പിക്കപ്പെടുന്നു. ഒരു ചെമ്പോലക്ക് 2500 രൂപ എന്ന നിലയിൽ നമ്മുടെ കുടുംബത്തിലെ ഓരോ അംഗങ്ങളുടെയും പേരും നാളും സങ്കല്പിച്ച് ശ്രീകോവിലിൽ ഭഗവത് പാദങ്ങളിൽ സമർപ്പിക്കാം. ഇത് നമ്മുടെ തലമുറയ്ക്ക് നാം പകർന്നു കൊടുക്കുന്ന പുണ്യമാണ്.

donationimage1
donationimage2
donationimage3