The Official Website of Elamkulam Sree MahaDeva Temple

ധനുമാസ തിരുവാതിര

ധനുമാസത്തിലെ തിരുവാതിര മഹാദേവന്റെ പിറന്നാളായതുകൊണ്ടാണ് അന്ന് തിരുവാതിര ഗംഭീരമായി ആഘോഷിക്കുന്നത്. മംഗല്യവതികളായ സ്ത്രീകൾ നെടു മംഗല്യത്തിനു വേണ്ടിയും കന്യകമാർ വിവാഹം വേഗം നടക്കാൻ വേണ്ടിയും തിരുവാതിര വ്രതം എടുക്കുന്നു. സൂര്യോദയത്തിനു മുമ്പ് കുളിച്ച് നോയമ്പ് നോറ്റ്, തിരുവാതിര കളിച്ച്, ഉറക്കമൊഴിച്ച് എട്ടങ്ങാടി വച്ച് കഴിച്ചാണ് തിരുവാതിര ആഘോഷിക്കുന്നത്.

ശ്രീപരമേശ്വരനെ ഭർത്താവായി ലഭിച്ചതിന്റെ ആഹ്‌ളാദത്തിൽ പാർവ്വതീദേവി വനത്തിൽ ആടിയും പാടിയും കളിച്ചും രസിച്ചും ആനന്ദിച്ചതിന്റെ ഓർമയ്ക്കായും അതിനെ അനുകരിച്ചുമാണ് മകയിരവും തിരുവാതിര നാളും ചേർന്ന രാവിൽ തിരുവാതിര ആഘോഷിക്കുന്നതെന്നാണ് ഒരു ഐതിഹ്യം.

തന്റെ പരമഭക്തയായ യുവതിയുടെ ഭർത്താവ് അകാലത്തിൽ മരിച്ചതറിഞ്ഞ ശ്രീപാർവ്വതി യുവതിയുടെ ദുഃഖത്തിൽ മനസ്സലിഞ്ഞ് മൃത്യുഞ്ജയനായ പരമേശ്വരനോട് പരിഭവം പറഞ്ഞു. എന്നാൽ ഇത് കർമ്മ ഫലമാണെന്നു ഭഗവാൻ പറയുകയും അതേത്തുടർന്ന് ശ്രീപാർവ്വതി വളരെ ദുഃഖിതയായി പിണങ്ങിയിരിക്കുകയും ചെയ്തു. ഉടൻ തന്നെ മഹാദേവൻ യമനെ വിളിച്ചു യുവതിയുടെ ഭർത്താവിന്റെ ജീവൻ തിരികെ നൽകാൻ ആജ്ഞാപിച്ചു. തുടർന്ന് ദമ്പതികളെ ശിവപാർവ്വതിമാർ അനുഗ്രഹിച്ചു. അന്ന് ധനുമാസത്തിലെ തിരുവാതിരയായിരുന്നു എന്നാണ് വിശ്വാസം.

തിരുവാതിരവ്രതം ഇഷ്ടവിവാഹത്തിനും ദമ്പതികൾക്ക് ഉത്തമദാമ്പത്യത്തിനും വേണ്ടിയാണെങ്കിൽ മകയിരം നാളിലെ വ്രതം മക്കളുടെ ഐശ്വര്യത്തിനും പുണർതം വ്രതം സഹോദരങ്ങൾക്ക് വേണ്ടിയും ആകുന്നു. ഇങ്ങനെ കുടുംബാംഗങ്ങളുടെ ദീർഘായുസ്സിനും ആപത്തിൽ രക്ഷയ്ക്കും വേണ്ടിയാണ് തിരുവാതിര വ്രതം നോക്കുന്നത്.

നമ്മുടെ ക്ഷേത്രത്തിൽ ഇതിനായി 'തിരുവാതിരക്കളി' വഴിപാടായി സങ്കല്പിച്ചു സമർപ്പിക്കാറുണ്ട്. വ്രതം നിന്ന് ഏറ്റവും ഉദാത്തമായ സങ്കല്പത്തോടെ കന്യകമാരും, അമ്മമാരും, ബാലികമാരും സ്വയം 'തിരുവാതിര' വഴിപാടായി സമർപ്പിക്കുകയോ അല്ലെങ്കിൽ സങ്കല്പിച്ചു സമർപ്പിക്കുകയോ ചെയുന്നു. ഇതിനുള്ള പണം ക്ഷേത്ര കൗണ്ടറിൽ അടച്ച് 'തിരുവാതിര' നടത്താവുന്നതുമാണ്.