The Official Website of Elamkulam Sree MahaDeva Temple

ശിവരാത്രിവ്രതം

"ശിവരാത്രിവ്രതം വക്ഷ്യേ കഥാം
ച സർവ്വകാമദം
യഥാ ച ഗൗരി ഭൂതേശം
പുച്ഛതി സ്മ പരം വ്രതം
"

സമസ്ത ആഗ്രഹങ്ങളും സാധിച്ചു തരുന്നതാണ് ശിവരാത്രി വ്രതം. ഭഗവതിയായ ഗൗരി മഹാദേവനോട് ഈ വ്രതത്തെ പറ്റി ചോദിച്ചു. ഭഗവാൻ പറഞ്ഞു. മാഘ ഫാൽഗുന മാസങ്ങളുടെ മധ്യത്തിലെ കൃഷ്ണ പക്ഷ ചതുർദ്ദശിയിലാണ് ശിവരാത്രി. ആ ചതുർദ്ദശി രാത്രിയിൽ ഉറക്കമിളച്ച്‌ പൂജിച്ചാൽ മഹാരുദ്രൻ അത്യന്തം പ്രസന്നനായി തീരും. മുക്തിയും ഭക്തിയും പ്രദാനം ചെയുകയും ചെയ്യും.


"ആയിരം ഏകാദശിക്ക് തുല്യം അര ശിവരാത്രി"
ഏറ്റവും ശ്രേഷ്ഠമായ വ്രതം. ഏതു പാപങ്ങളെയും കഴുകിക്കളയുന്ന വ്രതം. ശുദ്ധനായ, ഭക്തപ്രിയനായ മഹാദേവന്റെ പ്രീതിയിലൂടെ ശിവലോകം നേടാനുള്ള പാതയാണ് മഹാശിവരാത്രി വ്രതം. നന്ദികേശനോട് ശിവൻതന്നെയാണ് മഹാശിവരാത്രിയുടെ മഹത്വം വിവരിച്ചു നൽകിയത്. പിന്നീട് നന്ദി, മഹർഷിമാർക്കും ദേവകൾക്കും ഈ ദിനത്തിന്റെ പ്രാധാന്യം പകർന്നു കൊടുത്തു.

Shivarathri

മഹാശിവരാത്രി വ്രതമെടുക്കുന്നത് അത്യന്തം ശ്രേയസ്കരമാണ്. ശിവന്റെ അനുഗ്രഹം നേടിയെടുക്കാനുള്ള മാർഗമാണ് ശിവരാത്രി വ്രതം. ശിവരാത്രിയുടെ തലേദിവസം ഒരിക്കലെടുത്ത് പഴവർഗ്ഗങ്ങൾ പോലുള്ള മിതമായ ഭക്ഷണങ്ങൾ മാത്രം കഴിച്ചു വേണം വ്രതം തുടങ്ങാൻ. വ്രതം തുടങ്ങുന്നതിനു മൂന്നു നാൾ മുമ്പെങ്കിലും ചിട്ടയായ ജീവിതക്രമവും സാത്വിക ഭക്ഷണവും ശീലമാക്കണം. അതിരാവിലെ എഴുന്നേറ്റ്‌ കുളിയും ദിനചര്യകളും കഴിഞ്ഞു ശിവ ക്ഷേത്ര ദർശനം നടത്തണം. ശിവരാത്രി ദിവസം രാത്രി ഉറക്കമൊഴിഞ്ഞ്‍ ശിവഭഗവാനെ പ്രാർത്ഥിക്കുന്നതാണ് വ്രതത്തിന്റെ പ്രധാന ഭാഗം. നമഃ ശിവായ ജപത്തോടെ വീട്ടിലിരിക്കുകയോ ക്ഷേത്രത്തിൽ ചിലവഴിക്കുകയോ ചെയ്യാം.

ശിവനെന്നാൽ സ്വയം പ്രകാശിക്കുന്നവനും മറ്റുള്ളവയെ പ്രകാശിപ്പിക്കുന്നവനുമാണ്. പൂർണനാണ് ഒപ്പം പരിശുദ്ധനുമാണ് മഹാദേവൻ. ദേവന് ഏറെ പ്രാധാന്യമുള്ള മഹാശിവരാത്രി ദിനത്തിൽ ശിവനെ പൂജിക്കുന്നത് ഏറ്റവും മുക്തി ദായകമായി കരുതപ്പെടുന്നു.